ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് 'ത്രിത്വം'. ഏക ദൈവത്തിൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.

എന്നാൽ യിസ്രയേൽ ജനതയോട് യേശു പറഞ്ഞത്: ‘നമ്മുടെ ദൈവം ഏകദൈവം ആകുന്നു’ എന്നാണ്‌. 'പിതാവും പുത്രനും പരിശുദ്ധാത്മാവും' ഒന്നാകുന്നുവെന്ന ഈ നൂതന ആശയം യേശു പഠിപ്പിച്ചതല്ല. അത് പിൽകാലത്ത് ഉണ്ടായതത്രെ.

ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ടിൽ ഉടലെടുത്ത ഈ നൂതന ആശയത്തിൽ നിന്ന് വിട്ടുനിൽക്കാനും പശ്ചാതപിച്ച് മടങ്ങാനും ദൈവം നമ്മോട് കൽപിച്ചത് കാണുക.


'ത്രിത്വ' വിശ്വാസം നൂതനമാണ്‌, അതിൽനിന്നും പശ്ചാത്തപിച്ചു മടങ്ങുക

- ദൈവ വചനം കാണുക -

  1. ‘അല്ലാഹു മൂവരിൽ ഒരുവനാണ്‌’ എന്ന്‌ പറയുന്നവർ തീർച്ചയായും സത്യത്തെ നിഷേധിക്കുന്നു.

    ഒരു ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല.

    അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിക്കുന്നില്ലെങ്കിൽ അവരിലെ അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.


    അതുകൊണ്ട് അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ?

    അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ."


    HOLY QUR'AN 5: 73-74
    لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةٖۘ وَمَا مِنۡ إِلَٰهٍ إِلَّآ إِلَٰهٞ وَٰحِدٞۚ وَإِن لَّمۡ يَنتَهُواْ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٌ ٧٣ أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسۡتَغۡفِرُونَهُۥۚ وَٱللَّهُ غَفُورٞ رَّحِيمٞ ٧٤
    القرآن الكريم ٥ : ٧٢

    View Arabic & Audio


ക്രൈസ്തവ ലോകത്തെ ഭൂരിപക്ഷവും വിശ്വസിക്കുന്ന ‘ത്രിത്വം’ അഥവാ ത്രിയേകത്വം എന്നത് നൂതനമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞുവല്ലോ. 'പിതാവും പുത്രനും പരിശുദ്ധാത്മാവും' ഒന്നു ചേർന്നതാണ്‌ ദൈവം എന്ന് അവർ പറയുന്നു. ആശയത്തിലുള്ള ഏകത്വമല്ല മറിച്ച് അസ്തിത്വത്തിൽതന്നെ അവർ ഏകരാണ്‌ എന്നാണ്‌ സഭാനേതാക്കള്‍ പഠിപ്പിക്കുന്നത്.

എന്നാൽ പുതിയ നിയമ സുവിശേഷങ്ങളിൾ വിശദീകരിച്ചിട്ടുള്ള യേശുവിന്റെ ഉപദേശങ്ങളിൽനിന്നും മറ്റും യേശുവും ദൈവവും ഒന്നല്ല; മറിച്ച് രണ്ടാണെന്ന് നാം എവർക്കും ബോധ്യപെടുന്നതാണ്‌.

പരിശോധനക്കായി ചില വചനങ്ങൾ താഴെ ചേർക്കുന്നു.

1
സുവിശേഷ യാത്രക്കിടയിൽ ഒരാൾ വന്ന് യേശുവിനോട് ചോദിച്ചത്:
"അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. "
(മർക്കൊസ് 10:17-18)

യേശുവും ദൈവവും ഒന്നായിരുന്നെങ്കിൽ യേശുവിന്റെ മറുപടി ഒരിക്കലും ഈ രൂപത്തിലാവില്ല.


2
എന്നാണ്‌ അന്ത്യനാൾ സംഭവിക്കുന്നത്? യേശു പറഞ്ഞത് കാണുക:
"ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല."
(മർക്കൊസ് 13:32)

പിതാവായ ദൈവത്തിനേ അറിയൂ.. പുത്രനായ യേശുവിന്‌ അറിയില്ല: യേശുവും ദൈവവും ഒന്നായിരുന്നെങ്കിൽ യേശു ഇങ്ങനെ പറയില്ലായിരുന്നു.


3
യെഹൂദന്മാരോട് യേശു പറഞ്ഞതു കാണുക:
"യേശു അവരോടു ഉത്തരം പറഞ്ഞതു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്‍വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽ നിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും."
(യോഹന്നാൻ 7:16-17)

യേശുവും ദൈവവും ഒന്നല്ല മറിച്ച് രണ്ടാണ്‌ എന്നു വ്യക്തമാക്കുന്ന മറ്റൊരു വചനമാണിത്.


4
യേശു യെഹൂദന്മാരോട് സംസാരിക്കുന്നു:
"അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: “നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ."
(യോഹന്നാൻ 8:39-40)

ഇവിടെ യേശു മനുഷ്യനാണെന്നും, ദൈവത്തിൽ നിന്ന്‌ കേട്ട സന്ദേശമാണ്‌ അവരോട് പറയുന്നതെന്നും ഈ വചനം വ്യക്തമാക്കുന്നു. അതെ യേശുവും ദൈവവും രണ്ടാണ്‌.


5
യേശു ദൈവത്തോട് പറഞ്ഞത് കാണുക:
"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു."
(യോഹന്നാൻ 17:3)

ദൈവം ഏകനാണെന്നും ആ ദൈവം അയച്ചവനാണ്‌ യേശുക്രിസ്തുവെന്നും ഈ വചനം വ്യക്തമാക്കുന്നു.