

മരണത്തോടെ അവസാനിക്കുന്നതാണോ നമ്മുടെ ഈ ജീവിതം?
മരണത്തിന് ശേഷം നമുക്കൊരു അനശ്വര ജീവിതമുണ്ടോ?
'അന്ത്യനാൾ' എന്നൊരു ദിനമുണ്ടോ? അതിനുശേഷം നാം വീണ്ടും ഉയിർത്തെഴുന്നേൽപിക്കപ്പെടുമോ?
മരിച്ചു മൺമറഞ്ഞുപോയാൽ നമ്മെ വീണ്ടും ജീവിപ്പിക്കാൻ ആർക്കാണ് സാധിക്കുക?
നമുക്ക് മുൻപ് മരണപ്പെട്ടവരും ഇത്തരത്തിൽ ഉയിർത്തെഴുന്നേൽപിക്കപ്പെടുമോ?
ഇതെല്ലാം വെറും അന്ധവിശ്വാസമാണോ? അതോ അനിഷേധ്യമായ യാഥാർത്ഥ്യമോ?
മനുഷ്യന്റെ ഉത്പത്തി, ജനനം, ജീവിതം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയെക്കുറിച്ച് നമ്മെ സൃഷ്ടിച്ച പ്രപഞ്ചനാഥൻ തന്നെ വിവരിക്കുന്നത് കാണുക.
തീർച്ചയായും ആ ഉയിർത്തെഴുന്നേൽപ്പ് സംഭവിക്കുക തന്നെ ചെയ്യും!
- ദൈവ വചനം കാണുക -
-
“
അല്ലയോ മനുഷ്യരേ! ,
ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ച് നിങ്ങൾ സംശയത്തിലാണെങ്കിൽ
(ഒന്ന് ചിന്തിച്ചുനോക്കൂ):തീർച്ചയായും നിങ്ങളെ നാം മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്.
പിന്നീട് ഒരു ബീജകണത്തിൽ നിന്നും, പിന്നീട് ഭ്രൂണത്തിൽ നിന്നും, അതിനുശേഷം പൂർണ്ണരൂപം പ്രാപിച്ചതോ അല്ലാത്തതോ ആയ മാംസപിണ്ഡത്തിൽ നിന്നും നാം നിങ്ങളെ രൂപപ്പെടുത്തി.നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാക്കിത്തരുന്നതിന് വേണ്ടിയാണ് നാമിത് വിവരിക്കുന്നത്.
നാം ഉദ്ദേശിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗർഭാശയങ്ങളിൽ നാം നിലനിർത്തുന്നു.
പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു.
അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ്ണശക്തി പ്രാപിക്കുന്നത് വരെ (നാം നിങ്ങളെ വളർത്തുന്നു).
നിങ്ങളിൽ നേരത്തെ മരണപ്പെടുന്നവരുണ്ട്;
അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയിലേക്ക്, ഏറ്റവും അവശമായ പ്രായത്തിലേക്ക് (വാർദ്ധക്യത്തിലേക്ക്) മടക്കപ്പെടുന്നവരും നിങ്ങളിലുണ്ട്.ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നത് നിനക്ക് കാണാം.
എന്നാൽ, അതിലേക്ക് നാം വെള്ളം ചൊരിഞ്ഞാൽ അത് ജീവൻ തുടിക്കുകയും വികസിക്കുകയും, കൗതുകമുണർത്തുന്ന എല്ലാത്തരം സസ്യങ്ങളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു.
അതെന്തുകൊണ്ടെന്നാൽ, അല്ലാഹു മാത്രമാണ് പരമമായ സത്യം.
അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു.
അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാണ്.
തീർച്ചയായും ആ അന്ത്യസമയം വരിക തന്നെ ചെയ്യും;
അതിൽ യാതൊരുവിധ സംശയവുമില്ല.
ഖബറുകളിൽ (കല്ലറകളിൽ) ഉള്ളവരെയെല്ലാം അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യും.
HOLY QUR'AN 22: 5-7يَا أَيُّهَا النَّاسُ إِنْ كُنْتُمْ فِي رَيْبٍ مِنَ الْبَعْثِ فَإِنَّا خَلَقْنَاكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِنْ مُضْغَةٍ مُخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنْكُمْ مَنْ يُتَوَفَّىٰ وَمِنْكُمْ مَنْ يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِنْ بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنْبَتَتْ مِنْ كُلِّ زَوْجٍ بَهِيجٍ ٥ ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ٦ وَأَنَّ السَّاعَةَ آتِيَةٌ لَا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ ٧
القرآن الكريم ٢٢ : ٥-٧
'മരണത്തോടേ എല്ലാം അവസാനിക്കും' എന്ന് വിശ്വസിക്കുന്ന പലരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. 'മരിച്ചുപോയവരാരും ഇങ്ങോട്ട് തിരിച്ചുവന്നിട്ടില്ല' എന്നാണ് അതിനവർ പറയുന്ന ന്യായം. കൂടാതെ 'മരിച്ച് മണ്ണായിമാറിയ ശരീരവും, ദ്രവിച്ച് പോയ എല്ലുകളും വീണ്ടും തിരിച്ചുവരുമെന്നോ?' എന്നവർ ചോദിക്കുന്നു.
വളരെ നിസ്സാരമെന്ന് നാം കരുതുന്ന ഒരു വസ്തുവിൽനിന്ന് നമ്മെ സൃഷ്ടിച്ചവന്, മരണശേഷം നമ്മെ വീണ്ടും ഉയിർത്തെഴുന്നേൽപിക്കാൻ കഴിവുള്ളവനാണ് എന്ന് ബോധ്യപെടുത്തുന്ന വചനങ്ങളാണ് നാം വായിച്ചത്.
ഏത് ആധുനിക മനുഷ്യനും സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്ന ഉദാഹരണങ്ങളാണ് ഈ വചനത്തിൽ കാണുന്നത്.
ബീജസങ്കലനം മുതൽ ഒരു ശിശുവിൻെറ ജനനം വരെയുള്ള സൃഷ്ടിപ്പിലെ അതിസങ്കീർണ ഘട്ടങ്ങളെക്കുറിച്ചുള്ള ഖുർആനിൻെറ വിശകലനം ആധുനിക ഭ്രൂണ ശാസ്ത്രജ്ഞരെ ഏറെ അത്ഭുതപെടുത്തിയിട്ടുണ്ട്.
ഖുർആനിന്റെ അവതരണകാലത്തെ (എ.ഡി 610-എ.ഡി 632) ഭ്രൂണവളർച്ചയെകുറിച്ച ശാസ്ത്രത്തിന്റെ അറിവ് ഏറെ പരിമിതവും തികച്ചും സാങ്കൽപികവുമായിരുന്നു.
എന്നാൽ ഭ്രൂണശാസ്‌ത്രവുമായി ബന്ധപ്പെട്ട ക്വുർആനിലും ഹദീസിലും വന്നിട്ടുള്ള മുഴുവൻ പരാമർശങ്ങളും ആധുനിക ഭ്രൂണശാസ്‌ത്രവുമായി ബന്ധപ്പെട്ട എല്ലാ അത്യന്താധുനിക കണ്ടുപിടുത്തങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നുവെന്നതാണ് അവരെ അത്ഭുതപെടുത്തിയത്.
മനുഷ്യന്റെ ആദ്യ സൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ നമുക്ക് വിവരിച്ചു തന്നുകൊണ്ടാണ് മരണത്തിനുശേഷം അവനെ വീണ്ടും ഉയിർത്തെഴുന്നേൽപിക്കാൻ സ്രഷ്ടാവിനു കഴിയുമെന്ന് നമ്മെ ബോധ്യപെടുത്തുന്നത്.
ബുദ്ധി ഉപയോഗിക്കുന്ന മനുഷ്യന് തന്റെ മരണശേഷമുള്ള ജീവിതം അംഗീകരിക്കാൻ ഈ വചനം തന്നെ ധാരാളം മതി.




