

പ്രിയ സുഹൃത്തെ,
ക്ഷേമത്തിനായ് പ്രാർഥിച്ചുകൊണ്ട് തുടങ്ങുന്നു...
നമ്മില്‍ പലരും ശ്രദ്ധിക്കാതെ പോകുന്നതും എന്നാല്‍ ഏറെ ഗൗരവമുള്ളതുമായ ഒരു വിഷയം താങ്കളുടെ മുന്നില്‍ കൊണ്ടുവരാനാണ് ഈ എഴുത്ത്്.
അതുകൊണ്ടു തന്നെ ഇത് പൂർണമായും മനസ്സിരുത്തി വായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഒരു നാള്‍ നാം ഈ ഭൂമിയില്‍ ജനിച്ചു.
അതിസങ്കീർണ ഘടനയോടെ നമ്മുടെ ശരീരം വളര്‍ന്നു, കേള്‍വിയും കാഴ്ചയും ലഭിച്ചു.
തുടര്‍ന്ന് ശൈശവവും ബാല്യവും കൗമാരവും കടന്ന് നാമിപ്പോള്‍, യൗവനത്തിലോ വാർധക്യത്തിലോ എത്തിനില്‍ക്കുന്നു.
ഇനി മറ്റൊരുനാള്‍ നാം ഇവിടം വിട്ട് പോകും.
എങ്ങോട്ട്?
മരണത്തോടെ അവസാനിക്കുന്നതാണോ നമ്മുടെ ഈ ജീവിതം? അതോ അതിനു ശേഷം വല്ലതും ഉണ്ടോ?
ആരാണ് നമുക്കതിനെക്കുറിച്ചുള്ള കൃത്യമായ വിവരം പറഞ്ഞു തരിക?
എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ?
“മനുഷ്യന്‍ പ്രസ്താവ്യമായ ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം അവന് കഴിഞ്ഞുപോയിട്ടില്ലേ?
കൂടിക്കലര്‍ന്ന ബീജത്തില്‍നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി.
അങ്ങനെ നാം അവനെ കേള്‍വിയും കാഴ്ചയും ഉള്ളവനാക്കി.
തീര്‍ച്ചയായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു.
ഒന്നുകില്‍ അവന് നന്ദിയുള്ളവനാകാം; അല്ലെങ്കില്‍ നന്ദികെട്ടവനുമാകാം.”
നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട ഒരു വചനമാണിത്.
നാം ഭൂമിയില്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ അത് നമ്മോട് പറയുന്നു.
തുടര്‍ന്ന് മനുഷ്യനെ എന്തില്‍നിന്ന് സൃഷ്ടിച്ചുവെന്നും, എന്തിനുവേണ്ടി സൃഷ്ടിച്ചുവെന്നും വ്യക്തമാക്കുന്നു.
കാര്യങ്ങള്‍ വ്യവഛേദിച്ച് മനസ്സിലാക്കാന്‍ മനുഷ്യനെ സഹായിക്കുന്ന കേള്‍വിയും കാഴ്ചയും അവനു നല്‍കിയെന്നും പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.
മാത്രവുമല്ല, ‘മനുഷ്യന്‍ ഈ ഭൂമിയില്‍ എങ്ങനെ ജീവിക്കണം?’ എന്നതിനുള്ള കൃത്യമായ മാര്‍ഗനിർദേശം (Guidelines) അവന് നല്‍കിയിട്ടുണ്ടെന്നും അത് സ്വീകരിച്ചോ തിരസ്‌കരിച്ചോ ജീവിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടെന്നും ഈ വചനം സൂചിപ്പിക്കുന്നു.
അതെ, മനുഷ്യന്റെ സൃഷ്ടിപ്പും അതിന്റെ ലക്ഷ്യവും വിവരിക്കുന്ന ഒരു വചനം.
ഖുര്‍ആനിലെ 'മനുഷ്യന്‍' എന്ന അധ്യായത്തിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള വചനത്തിന്റെ ആശയവിവര്‍ത്തനമാണ് മുകളില്‍ ഉദ്ധരിച്ചത്. (ഖുര്‍ആന്‍ 76:1-3)
മനുഷ്യരടക്കമുള്ള സകല സൃഷ്ടികളുടെയും സ്രഷ്ടാവും ഉടമസ്ഥനുമായ ദൈവം മനുഷ്യരാശിക്ക് നൽകിയ അവസാനത്തെ ദൈവിക സന്ദേശമാണ് ‘വിശുദ്ധ ഖുർആൻ’.
മുസ്‌ലിംകളുടെ ‘മാത്രം’ വേദഗ്രന്ഥമല്ല ഖുർആൻ. മറിച്ച്, മുഴുവൻ മനുഷ്യർക്കുമുള്ള ദൈവത്തിന്റെ സന്ദേശമാണത്.
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 14:52)
“ഇത്(ഖുര്‍ആന്‍) മനുഷ്യർക്കുള്ള സന്ദേശമാണ്.
ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും, അവന്‍ ഒരേ ഒരു ദൈവം മാത്രമാണെന്ന് അവരറിയാനും, ബുദ്ധിയുള്ളവര്‍ ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി.”
ഖുര്‍ആനില്‍ മറ്റൊരിടത്ത് ദൈവം നമ്മെ അറിയിക്കുന്നു: (ഖുര്‍ആന്‍ 49:13)
“അല്ലയോ മനുഷ്യരേ,
തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു.
നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു.
തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ദൈവഭക്തിയുള്ളവരാകുന്നു.
തീര്‍ച്ചയായും 'അല്ലാഹു' അല്ലാഹു: ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെയും അതിലുള്ള വയെയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ് യഥാർഥ ദൈവം. ആ ദൈവത്തിന് അറബി ഭാഷയിൽ പറയുന്ന പേരാണ് അല്ലാഹു. അവൻ സൃഷ്ടിയല്ല; എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവാണ്. എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”
ഇവിടെ നാം ഏറെ പ്രാധാന്യത്തോടെ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്.
നിറം, ദേശം, ഭാഷാ വ്യത്യാസമില്ലാതെ ഈ ലോകത്തെ സകല ജനങ്ങളും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്.
അതെ, നമ്മെ സൃഷ്ടിച്ച ദൈവം; അവന്‍ ഒരുവന്‍ മാത്രമാണ്.
അതുപോലെ കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ, മേല്‍ജാതിയെന്നോ കീഴ്ജാതിയെന്നോ വേര്‍തിരിവില്ലാതെ, നാം ഏവരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ്, സഹോദരീ സഹോദരന്മാരാണ്.
എന്നാല്‍ സ്വാർഥത, കക്ഷിത്വം, വർഗീയത, വംശീയത എന്നിവയുടെ പേരിൽ മനുഷ്യർ ഭിന്നിച്ചു. അവർ പല കക്ഷികളായി മാറി.
തന്നെ സൃഷ്ടിച്ച യഥാർഥ ദൈവത്തെ മറന്ന് ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട സൃഷ്ടികളെ ദൈവങ്ങളാക്കി മാറ്റി. തലമുറകള്‍ അവരെ അന്ധമായി ആരാധിച്ചുപോന്നു.
അങ്ങനെയാണ് കുലദൈവങ്ങളും കുടുംബദൈവങ്ങളും നമുക്കിടയില്‍ ഇടംപിടിച്ചത്.
"ഞങ്ങള്‍ ഏകദൈവ വിശ്വാസികളാണ്" എന്ന് പറയുന്നവരില്‍ ചിലര്‍ തന്നെ, സ്രഷ്ടാവായ യഥാർഥ ദൈവത്തെ മാത്രം ആരാധിക്കേണ്ടതിനു പകരം അവന്റെ സൃഷ്ടികളെ ആരാധിക്കുകയും, അവയോട് പ്രാർഥിക്കുകയും, നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്തുതുടങ്ങി.
എന്നാല്‍ ഒന്നു ആലോചിച്ചു നോക്കൂ...
നാം ഈ കാണുന്ന ആകാശത്തെയും ഭൂമിയെയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ മനുഷ്യരടക്കമുള്ള ലക്ഷക്കണക്കിനു ജീവജാലങ്ങളെയും മറ്റും സൃഷ്ടിച്ച് നിയന്ത്രിക്കുന്നത് നമ്മില്‍ ചിലര്‍ ദൈവമായി കരുതി ആരാധിക്കുന്ന ഈ സൃഷ്ടിജാലങ്ങളാണെന്ന് കരുതാനാവുമോ?
അതുപോലെ മനുഷ്യശരീരത്തിനകത്തും പുറത്തുമായി അനേകം ധർമങ്ങള്‍ നിര്‍വ്വഹിക്കുന്ന അതിസങ്കീർണമായ അവയവങ്ങള്‍ രൂപപ്പെടുത്തിയതില്‍ ചിലര്‍ ദിവ്യത്വം കല്‍പിച്ചാരാധിക്കുന്ന ഈ സങ്കല്‍പിത ‘ദൈവങ്ങള്‍’ക്ക് വല്ല പങ്കുമുണ്ടോ?
അതിനെക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
പ്രപഞ്ച സ്രഷ്ടാവും യഥാർഥ ദൈവവുമായ അല്ലാഹുവിനു പുറമെ മനുഷ്യര്‍ ആരാധിക്കുന്ന സകല ‘ദൈവങ്ങളും’ സൃഷ്ടികളാണ്.
അവരില്‍ പലരും ഒരുനാള്‍ ഇവിടെ ജനിച്ചു, ജീവിച്ചു, ശേഷം മരിച്ചു പോയവരോ, പോകേണ്ടവരോ ആണ്. അവര്‍ക്ക് മുന്‍പും ശേഷവും ഈ പ്രപഞ്ചം ഇവിടെയുണ്ട്.
"ഞാനാണ് നിങ്ങളുടെ ദൈവം, ഞാനാണ് നിങ്ങളെയും ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചത്, അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുക" എന്നവര്‍ പറഞ്ഞിട്ടുണ്ടോ?
അതിനു വല്ല രേഖയുമുണ്ടോ? നാം അത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍: പിന്നെ ആരാണ് യഥാർഥ ദൈവം?
ആ ദൈവത്തെ നാം അറിയേണ്ടത് അവന്‍ അറിയിച്ചു തന്ന അവന്റെ ‘വചന’ങ്ങളിലൂടെയാണ്.




